കുവൈത്ത്: ഏകദേശം ഒരു മാസം നീണ്ട പ്രചാരണ പ്രവർത്തനങ്ങൾക്കൊടുവിൽ പുതിയ പാർലമെന്റ് അംഗങ്ങള തെരെഞ്ഞെടുക്കുന്നതിനുവേണ്ടി കുവൈത്തി ജനത ഇന്ന് ( വ്യാഴം ) പോളിംഗ് ബൂത്തിലേക്ക്. റമദാൻ മാസമായതിനാൽ 18 ആമത് ദേശീയ അസംബ്ലിയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള വോട്ടെടുപ്പ് ഉച്ചക്ക് 12 മണിക്കാണ് ആരംഭിക്കുന്നത് . രാത്രി 12 മണിക്കാണ് വോട്ടെടുപ്പ് അവസാനിക്കുക.
തെരെഞ്ഞെടുപ്പ് നടപടി പൂർത്തിയായ ഉടൻ വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കും. അഞ്ചു പാർലമെന്റ് മണ്ഡലങ്ങളിൽനിന്നായി 50 അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത് . ഓരോ മണ്ഡലങ്ങളിൽനിന്നും കൂടുതൽ വോട്ടുലഭിക്കുന്ന പത്തുപേരെയാണ് തെരെഞ്ഞെടുക്കുക. 2024 പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 300 ൽ ഏറെ പേര് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും ചിലർ മത്സരത്തിൽനിന്ന് പിൻവാങ്ങുകയും ചിലരുടെ അപേക്ഷ തള്ളപ്പെടുകയും ചെയ്തതിനാൽ നിലവിൽ ആകെ 200 പേരാണ് മത്സര രംഗത്തുള്ളത്. കുവൈത്തിന്റെ പാര്ലമെന്ററ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ റമദാനിൽ നടക്കുന്ന രണ്ടാമത്തെ പാർലമെന്റ് തെരെഞ്ഞെടുപ്പാണിത്.
405,948 പുരുഷ വോട്ടർമാരും 428,785 സ്ത്രീകളുമുൾപ്പെടെ ആകെ 834,733 സമ്മതിദായകരാണ് ഔദ്യോഗിക കണക്കുപ്രകാരം കുവൈത്തിലുള്ളത് . 104038 വോട്ടർമാറുള്ള ഒന്നാം മണ്ഡലത്തിൽ 41 സ്ഥാനാര്ഥികളാണ് മത്സരരംഗത്തുള്ളത്. 95302 വോട്ടര്മാരുള്ള രണ്ടാം മണ്ഡലത്തിൽ നിന്ന് 39 പേരാണ് മത്സരരംഗത്തുള്ളത് . 143693 വോട്ടര്മാരുള്ള മൂന്നാം മണ്ഡലത്തിൽ 32 പേരും 220932 വോട്ടര്മാരുള്ള നാലാം മണ്ഡലത്തിൽ 48 സ്ഥാനാർതികളുമാണ് മത്സര രംഗത്തുള്ളത് .വോട്ടർമാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അഞ്ചാം മണ്ഡലമാണ് കുവൈത്തിലെഏറ്റവും വലിയ പാർലമെന്റ് മണ്ഡലമായി കണക്കാക്കുന്നത്.
270768 വോട്ടർമാരാണ് അഞ്ചാം മണ്ഡലത്തിലുള്ളത്. മണ്ഡലത്തിലെ 10 സീറ്റുകൾക്കുവേണ്ടി 40 പേരാണ് മത്സരരംഗത്തുള്ളത് . പാർലമെന്റ് തെരെഞ്ഞെടുപ്പ് വളരെ ഗൗരവത്തോടെ കാണണമെന്നും ഏറ്റവും ഉത്തമരും അർഹരുമായവരെ തെരഞ്ഞെടുക്കാൻ വോട്ടർമാർ ജാഗ്രത കാണിക്കണമെന്നും അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽസബാഹ് റമദാൻ അവസാന പത്ത് പ്രമാണിച്ച് നടത്തിയ പ്രഭാഷണത്തിൽ ഓര്മിപ്പിച്ചിരുന്നു . പാർലമെന്റ് തെരെഞ്ഞെടുപ്പ് കണക്കിലെടുത്ത് കുവൈത്തിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട് . രാജ്യത്തെ വിവിധ ഭാഗങ്ങളിലെ 123 സ്കൂളുകളാണ് പോളിംഗ് ബൂത്തുകളായി മാറ്റിയിരിക്കുന്നത്. തെരെഞ്ഞെടുപ്പ് നടപടികൾ സുഗമമായി പൂർത്തിയാക്കുന്നതിന് വൻ സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നത് .