കുവൈത്ത്: കുവൈത്തിൽ ഇന്ധന സബ്‌സിഡി കുറക്കുന്നത് സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. നേരിട്ട് വിലവര്ധനയിലേക്ക് കടക്കാതെ നൽകിക്കൊണ്ടിരിക്കുന്ന സബ്സിഡിയിൽ കുറവുവരുത്തി സാമ്പത്തിക നില മെച്ചപ്പെടുത്തനാണ് തീരുമാനം. ഇത് സംബന്ധിച്ച വിശദമായ പഠനത്തിന് ശേഷം ധനകാര്യ മന്ത്രാലയം തയ്യാറാക്കിയ കരട് പ്രമേയം സർക്കാരിന് മുന്നിൽ സമർപ്പിച്ചതായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ധനകാര്യ മന്ത്രാലയത്തിന്റെ കരട് നിദേശം മന്ത്രിസഭ അംഗീകരിച്ചാൽ ഇന്ധന വില ഇപ്പോഴുള്ളതിന്റെ 25 ശതമാനംവരെ ഉയർന്നേക്കും. കരട് നിർദേശം അനുസരിച്ച് ഒരു ലിറ്റർ “91″പെട്രോളിന് 20 ഫിൽസ് ഉയരും. ഇത് നിലവിൽ ലിറ്ററിന് 85 ഫിൽസ് എന്നുള്ളത് 105 ഫിൽസായി ഉയരും.ഈ വർധനയിലൂടെ നിലവിലെ ശരാശരി ഉപയോഗം അനുസരിച്ച് 6.2 ദശലക്ഷം ദിനാർ ലഭിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ . അതുപോലെ ഒരു ലിറ്റർ “95” ഇനത്തിൽ പെട്ട പെട്രോളിന് 25 ഫിൽസ് വർദ്ധിക്കും.
ഇതനുസരിച്ച് ഈ ഇനം പെട്രോളിന്റെ വില നിലവിലെ 105 ഫിൽസിൽ നിന്ന് ലിറ്ററിന് 130 ഫിൽസായി ഉയരും . ഉപഭോഗത്തെ അടിസ്ഥാനമാക്കി ഇതിലൂടെ ഏകദേശം 4.5 മില്യൺ ദീനാർ ലാഭമുണ്ടാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ. “പ്രീമിയം”, “സ്പെഷ്യൽ” പെട്രോളുകൾക്ക് നിർദിഷ്‌ട രൂപത്തിൽ വില വര്ധിപ്പിച്ചാൽ തന്നെ കഴിഞ്ഞ വർഷത്തെ ശരാശരി ഉപഭോഗം അനുസരിച്ച് പ്രതിവർഷം 10.7 ദശലക്ഷം ദീനാർ ലഭിക്കാൻ സാധിക്കും.
അതേസമയം ഡീസൽ ,മണ്ണണ്ണ എന്നിവക്ക് നൽകിയിരുന്ന സബ്സിഡിയിൽ കുറവ് വരുത്തി ലിറ്ററിന് 170 ഫിൽസ് ആയി ഉയർത്തണമെന്നും നിർദേശത്തിലുണ്ട് . ഇതിലൂടെ പ്രതിവർഷം 150 മില്യൻ ദീനാർ അധിക ലാഭമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ .