കുവൈത്തിന്റെ സമുദ്ര പരിധിയിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ ട്രോളിംഗ് നിരോധനം പിൻവലിച്ച് വിപണി സജീവമായെങ്കിലും മത്സ്യങ്ങൾക്ക് വൻ വില വർധന. ആവോലി ഒരു കിലോ ലഭിക്കണമെങ്കിൽ 14 ദീനാർ നൽകണം. നിരോധനം നീക്കിയതിന് ശേഷം ആദ്യ മൽസ്യ ശേഖരം വൈകുന്നേരത്തോടെ ഷർക്ക് മാർക്കെറ്റിലെത്തിയപ്പോൾ ചെറിയ ഇനം ആവോലി കിലോയ്ക്ക് 12 ദിനാർ എന്ന നിരക്കിൽ ആണ് വില്പന നടന്നത് .വലുപ്പമുള്ള ഇനങ്ങൾ കിലോക്ക് 14 ദിനാർ എന്ന തോതിലും വില്പന പുരോഗമിച്ചു .മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ആവോലിയുടെ ലഭ്യതയിൽ ഉണ്ടായ കുറവാണ് വില വർദ്ധനവിന് കാരണമായതെന്നും ലഭ്യത കൂടുന്നതോടെ വിലയിൽ കുറവുണ്ടായേക്കാമെന്നും കച്ചവടക്കാർ പറഞ്ഞു .
വിദേശ മത്സ്യങ്ങളെ അപേക്ഷിച്ച് തദ്ദേശീയ മത്സ്യങ്ങൾക്ക് വില കൂടുന്ന പ്രവണത നേരത്തേയുള്ളതാണ് .ഗ്രൂപ്പർ 7 ദിനാർ, നുവൈബി 5, ബലൂൾ 9, ഷിമും 9, ഷാം 5 ദീനാർ എന്നിങ്ങനെയാണ് ഇന്നലെ വിപണിയിലെ പ്രധാന മൽസ്യങ്ങളുടെ വില നിലവാരം. അതേസമയം വിദേശ ആവോലിയടക്കം മത്സ്യങ്ങൾക്ക് വില കുറവാണ് അനുഭവപ്പെട്ടത്. ഇറാനിയൻ ആവോലി കിലോയ്ക്ക് 8 ദിനാർ, ഇറാനിയൻ ഗ്രൂപ്പർ 5 ദിനാർ, പാകിസ്ഥാനി നുവൈബി 3 ദിനാർ, ഒമാനി മീഡ് കിലോയ്ക്ക് 3 ദിനാർ എന്ന നിരക്കിലാണ് വില്പന നടന്നത്.