കുവൈത്തിലെ പൗരാണിക വാണിജ്യകേന്ദ്രമായി അറിയപ്പെടുന്ന ഷർകിലെ മുബാറക്കിയ മാർക്കറ്റിൽ നാശോന്മുഖമായ മേഖലയുടെ പുനർനിർമ്മാണ പ്രവർത്തികൾ 13 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മഷാൻ. 2022 ൽ ആണ് മാർക്കറ്റിലെ നല്ലൊരു ഭാഗത്ത് വൻ തീ പിടിത്തമുണ്ടായത് . കഴിഞ്ഞ ദിവസം കാര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി സൂഖ് മുബാറകിയയിൽ സന്ദർശനം നടത്തിയ ശേഷം നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .
പദ്ധതിയുടെ ഭാഗമായുള്ള ഇൻഫ്രാസ്ട്രക്ചർ പ്രവർത്തികൾക്ക് തുടക്കമിട്ടിട്ടുണ്ട് .അവയിൽ ഭൂരിഭാഗവും ഭൂഗർഭ പ്രവർത്തികളാണ് . നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. മേഖലയിൽ കുഴിയെടുക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതികൾ പൂർത്തീകരിക്കുന്നതിന് രാജ്യത്തെ എല്ലാ സർക്കാർ ഏജൻസികളുമായും ഏകോപനം ഉണ്ടാക്കിയിട്ടുണ്ട്. പ്രദേശത്ത് പൊളിക്കലിനും നിർമാണ പ്രവർത്തികൾക്കുമുള്ള മുനിസിപ്പൽ അനുമതി ഇതിനകം നൽകിയിട്ടുണ്ട് .അതിന്റെ തുടർ നിരീക്ഷണങ്ങൾക്കുവേണ്ടിയാണ് മേഖലയിൽ സന്ദര്ശനത്തിനെത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു .