കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈത്ത്. വിശ്വസനീയമല്ലാത്ത വെബ്‌സൈറ്റുകൾ, വാട്ട്‌സ്ആപ്പ്, സമൂഹ മാധ്യമങ്ങൾ, സംശയാസ്പദമായ ഇ-മെയിലുകൾ, എന്നിവയിൽ ജാഗ്രത പാലിക്കണമെന്നാണ് ജനങ്ങളോട് കുവൈത്ത് നിർദ്ദേശിച്ചിരിക്കുന്നത്. കുവൈത്ത് വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
ഉപഭോക്താക്കളെ കബളിപ്പിക്കുന്ന നിരവധി കേസുകൾ അധികൃതരുടെ ശ്രദ്ധയിപ്പെട്ടിരുന്നു. തുടർന്നാണ് അധികൃതർ ഇത്തരമൊരു മുന്നറിയിപ്പ് നൽകാൻ തീരുമാനിച്ചത്. സ്വദേശികളും വിദേശികളും പരിചയമില്ലാത്തവരുമായി ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ വാട്ട്സ്ആപ്പിലൂടെയോ വ്യക്തിഗത അല്ലെങ്കിൽ ബാങ്കിങ് വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ജനങ്ങൾ വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും നിർദ്ദേശമുണ്ട്. കുവൈത്തിലെ പ്രശസ്തമായ കമ്പനിയുടെ ഉൽപ്പന്നങ്ങൾ എന്ന വ്യാജേന സമൂഹ മാധ്യമങ്ങൾ വഴി കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്തുകൊണ്ട് പരസ്യം നൽകും. യഥാർഥമൂല്യത്തിന്റെ പകുതിയിൽ താഴെയുള്ള വിലയ്ക്ക് പരസ്യം ചെയ്യപ്പെടുന്നു. യഥാർഥ കമ്പനിവഴി പണം നൽകുന്നതിനുള്ള ഓപ്ഷൻ ഒഴിവാക്കി മറ്റ് ലിങ്കുകൾ വഴിയോ ബാങ്ക് കാർഡുകൾ വഴിയോ പണം വേണമെന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെടും. ഇങ്ങനെ, ലിങ്ക് സ്വീകരിക്കുമ്പോഴോ കാർഡ് വിവരങ്ങൾ നൽകുമ്പോഴോ പണം നഷ്ടമാവുകയും ചെയ്യും. ഇത്തരം, ഇടപാടുകൾ നടത്തുന്നതിന് മുമ്പ് കമ്പനികളുടെ ആധികാരികത പരിശോധിക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.