കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കഴിഞ്ഞ നാല് വർഷത്തിനിടയിൽ നാടുകടത്തിയത് 1,30,000 വിദേശികളെയെന്ന് കണക്കുകൾ. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡീപോർട്ടേഷൻ സെന്റർ ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. ജിലീബ് അൽ-ഷുയൂഖിലെ നാടുകടത്തൽ കേന്ദ്രം(തൽഹ) സന്ദർശിച്ച ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പുതിയ നാട് കടത്തൽ കേന്ദ്രത്തിന്റെ പണി 90 ശതമാനം പൂർത്തികരിച്ചു. നാല് ഘട്ടമായിട്ടാണ് പുതിയ കെട്ടിടം തയ്യാറാക്കുന്നത്. പുതിയ കെട്ടിടം ഒന്നാം ഘട്ടത്തിൽ പുരുഷന്മാർക്കുള്ളത് പൂർത്തീകരിച്ചിട്ടുണ്ട്. ജിലീബ് അൽ-ഷുയൂഖിലെ പുരുഷ തടവുകാരെ പുതുതായി നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന നിർദ്ദേശം.
രണ്ട് മാസങ്ങൾക്ക് ശേഷം സ്ത്രീകളുടെ കേന്ദ്രം മാറും. 1,400 തടവുകാരെ വരെ പുതിയ കെട്ടിടത്തിൽ ഉൾക്കൊള്ളാൻ കഴിയും. നാട്കടത്തൽ കേന്ദ്രത്തിൽ കഴിയുന്നവർക്ക് അവരുടെ കുടുംബാംഗങ്ങളെ ലാൻഡ് ഫോണുകൾ വഴി ബന്ധപ്പെടാം. രാജ്യാന്തര കോൾ ആവശ്യമുള്ളവർക്ക് ഓഫിസിൽ നിന്നുള്ള ജയിൽ ഫോൺ സൗകര്യം അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.