കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരി മരുന്നുമായി പ്രവാസി അറസ്റ്റിൽ. ഫർവാനിയയിൽ 10 ബാഗ് ഹെറോയിനുമായാണ് പ്രവാസി അറസ്റ്റിലായത്. ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ സപ്പോർട്ട് പട്രോളിംഗിലെ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് പ്രതിയെ റഫർ ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി ഫർവാനിയ മേഖലയിൽ പതിവ് പട്രോളിങ്ങിനിടെയാണ് പ്രതി മയക്കുമരുന്നുമായി പിടിയിലായത്. സംശയം തോന്നി ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയപ്പോൾ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, പട്രോളിംഗ് ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് പിടികൂടി.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശം 10 ബാഗ് ഹെറോയിൻ കണ്ടെത്തി. മറ്റൊരു വ്യക്തിക്ക് വേണ്ടി മയക്കുമരുന്ന് കടത്തിയതാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. മയക്കുമരുന്ന് കൈമാറാൻ പോകുന്നതിനിടെയാണ് പിടിയിലായതെന്നും ഇയാൾ സമ്മതിച്ചു. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.