കുവൈത്ത് സിറ്റി: അനധികൃതമായി കുവൈത്തി പൗരത്വം നേടിയ ആയിരക്കണക്കിന് പേരിൽ നിന്ന് പൗരത്വം പിൻവലിക്കുന്ന നടപടികൾ തുടർന്ന് കുവൈത്ത്. ഇതിന്റെ ഭാഗമായി ഫിലിപ്പീൻ വംശജയായ ഒരു യുവതിയ്ക്കും കുവൈത്തി പൗരത്വം നഷ്ടമായി. കുവൈത്തി പൗരത്വം നൽകുന്ന ആർട്ടിക്കിൾ എട്ട് ചട്ട പ്രകാരമാണ് ഫിലിപ്പിനോ വനിതക്ക് കുവൈത്തി പൗരത്വം ലഭിച്ചത്. എന്നാൽ പ്രായമായ കുവൈത്തിയുമായുള്ള വിവാഹ ശേഷം മാസങ്ങൾക്കകം ഭർത്താവ് മരിക്കുകയും തുടർന്ന് ഇവർ ഡ്രൈവറായ ഏഷ്യക്കാരനെ വിവാഹം കഴിക്കുകയും ചെയ്തു.
ഏഷ്യക്കാരനുമായുള്ള വിവാഹത്തിൽ ജനിക്കുന്ന കുട്ടികൾക്ക് കുവൈത്തി പൗരത്വം നൽകുവാൻ ഭാവിയിൽ അവകാശവാദം ഉയരുമെന്നും എന്നാൽ ഇത് ദേശീയ താല്പര്യങ്ങൾക്ക് ഹാനികരമാണെന്നും പൗരത്വ അവലോകന സമിതി കണ്ടെത്തി .ഇതേ തുടർന്നാണ് യുവതിയുടെ പൗരത്വം റദ്ദ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ യുവതിയുടെ ഭർത്താവായ ഡ്രൈവർ ഏത് രാജ്യക്കാരൻ ആണെന്ന് വ്യക്തമാക്കിയിട്ടില്ല.