കുവൈത്ത് സിറ്റി: കുവൈത്തിൽ ജനുവരി മാസം ആദ്യവാരം മുതൽ അന്തരീക്ഷ താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയായി കുറയുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വിദഗ്ധർ. ഈ ദിവസങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് രൂപപ്പെടുവാനും മഴ പെയ്യുവാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ജനുവരി 1 ബുധനാഴ്ച മുതൽ രാജ്യത്ത് ശൈത്യ തരംഗം രൂപപ്പെടും. ഈ ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റടിക്കുവാനും നേരിയ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം, കുവൈത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശൈത്യം ആയിരിക്കും ഈ വർഷം രാജ്യത്ത് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, രാജ്യത്ത് ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത് 2017 ഡിസംബർ 24 ന് ആയിരുന്നു. 30.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇത്. ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ താപനില -1.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു, 1963 ഡിസംബർ 29 നാണ് ഇത് രേഖപ്പെടുത്തിയത്. രാജ്യ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ താപനില 2009 ജനുവരി 4-ന് ബുബിയാൻ ദ്വീപിലാണ് രേഖപ്പെടുത്തിയത്.-4.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇതെന്നും സ്ഥിതി വിവര കണക്കിൽ വ്യക്തമാക്കിയിട്ടുണ്ട്.