കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി കാലാവസ്ഥാ മുന്നറിയിപ്പ് സന്ദേശങ്ങൾ സാഹേൽ ആപ്പ് വഴിയും ലഭിക്കും. കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് ഏകീകൃത സർക്കാർ ഇ-സേവന ആപ്ലിക്കേഷനായ സാഹേൽ വഴി പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് അറിയിപ്പ് സേവനം ആരംഭിച്ചത്.
പൊതുജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഈ സേവനം ലക്ഷ്യമിടുന്നുവെന്ന് ഡിജിസിഎ വക്താവ് അബ്ദുള്ള അൽ റാജി വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെക്കുറിച്ച് തൽക്ഷണ അറിയിപ്പുകൾ സ്വീകരിക്കാൻ ഈ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു. ഇത് ആവശ്യമായ മുൻകരുതലുകൾ യഥാസമയം സ്വീകരിക്കുന്നതിന് സഹായിക്കുമെന്നും അൽ റാജി പറഞ്ഞു.