കുവൈത്ത് സിറ്റി: മോഷണം നടത്തിയ രണ്ട് പ്രതികൾ കുവൈത്തിൽ അറസ്റ്റിൽ. ഉടമയുടെ ശ്രദ്ധ തെറ്റിച്ച് കാറിൽ നിന്ന് വസ്തുക്കൾ മോഷ്ടിക്കുന്ന സംഘമാണ് അറസ്റ്റിലായത്. ഇവർ കാറിൽ നിന്ന് പണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് അധികൃതർ ഇവരെ അറസ്റ്റ് ചെയ്തത്. ബാങ്കിൽ നിന്ന് ഇറങ്ങിയ ആളെ കാറിന്റെ ടയറിന് കുഴപ്പമുണ്ടെന്ന് ചൂണ്ടിക്കാട്ടി സംഘത്തിൽ ഒരാൾ പിൻഭാഗത്തേക്ക് വിളിക്കുകയായിരുന്നു. അദ്ദേഹം ടയറിന് അടുത്തേക്ക് എത്തി പരിശോധന നടത്തുന്നതിനിടെ സംഘത്തിലെ മറ്റൊരാൾ മുൻ ഡോർ തുറന്ന് പണമടങ്ങിയ പഴ്സുമായി മുങ്ങുകയായിരുന്നു. ഉടൻ തന്നെ ടയറിന് പ്രശ്നമില്ലെന്ന് പറഞ്ഞ് രണ്ടാമത്തെ ആൾ രക്ഷപ്പെടുകയും ചെയ്തു.
1700 ദിനാറാണ് കാറുടമയ്ക്ക് നഷ്ടമായത്. ബാങ്കിൽ നിന്ന് ഇറങ്ങിയ കാറുടമയെ നിരീക്ഷിച്ചാണ് സംഘം മോഷണം നടത്തിയത്. മോഷണത്തിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. പിടിയിലായവർ രണ്ടുപേരും ഇത്യോപ്യൻ സ്വദേശികളാണ്.