കുവൈത്ത് സിറ്റി: കുവൈത്തിൽ സഹേൽ ആപ്പ് വഴി പ്രവാസികളുടെ മേൽ വിലാസം മാറ്റുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. സേവനം നവീകരിക്കുന്നതിനെ തുടർന്നുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
എന്നാൽ, മേൽവിലാസം മാറ്റുന്നതിനുള്ള അപേക്ഷകൾ മുൻകൂർ ആയി ബുക്ക് ചെയ്ത ശേഷം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നേരിട്ട് എത്തി അപേക്ഷകൾ സമർപ്പിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ പ്രധാന കെട്ടിടത്തിൽ വൈകുന്നേരം 3 മുതൽ 7 വരെയും, ജഹ്റ, അഹമ്മദി എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ രാത്രി 1 വരെയും ഈ സേവനം ലഭ്യമായിരിക്കും.
ഇതിനു പുറമെ രാവിലെയും വൈകുന്നേരവും ലിബറേഷൻ ടവറിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലും അപേക്ഷകൾ സ്വീകരിക്കും. സഹേൽ ആപ്പ് വഴി മേൽ വിലാസം മാറ്റുന്നതിനുള്ള സേവനങ്ങൾ നിർത്തി വെച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഈ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.