കുവൈത്ത് സിറ്റി: വിതരണം ചെയ്യുന്ന ഗ്യാസ് സിലണ്ടറുകൾ ഗുണനിലവാരമുള്ളതായിരിക്കണമെന്ന സർക്കുലർ പുറപ്പെടുവിച്ച് കുവൈത്ത്. യൂണിയൻ ഓഫ് കൺസ്യൂമർ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ചെയർപേഴ്‌സൺ മറിയം അൽ അവാദ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. ഉപഭോക്താക്കളുടെ സംരക്ഷണം, ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കൽ, ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെ മൂന്ന് സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്യാസ് സിലണ്ടറുകൾ വൃത്തിയോടെ വിതരണം ചെയ്യേണ്ടതിന്റെ പ്രാധാന്യം സർക്കുലറിൽ വ്യക്തമാക്കുന്നു.
വൃത്തിഹീനമോ പഴയതോ ആയ ഗ്യാസ് സിലണ്ടറുകൾ കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയിൽ നിന്നും സ്വീകരിക്കരുത്. വൃത്തിയുള്ളതും നല്ലതുമായ ഗ്യാസ് സിലണ്ടറുകൾ മാത്രമേ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാവൂ.ഗ്യാസ് സിലണ്ടറുകളുടെ ശുചിത്വത്തെ കുറിച്ച് ധാരാളം പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.