കുവൈത്ത് സിറ്റി: കുവൈത്തിൽ കൺസ്യൂമർ ഓർഡർ ഡെലിവറി കമ്പനികളുമായി അഫിലിയേറ്റ് ചെയ്ത മോട്ടർസൈക്കിളുകൾക്ക് ഏർപ്പെടുത്തിയ ഉച്ചസമയ പ്രവർത്തന വിലക്ക് പിൻവലിച്ചു. മാനവ ശേഷി സമിതി അധികൃതരും ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗവും ചേർന്നാണ് ഇത് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. വിലക്ക് പിൻവലിച്ചത് സംബന്ധിച്ച തീരുമാനം സെപ്തംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
സെപ്തംബർ ഒന്നു മുതൽ ഇവയുടെ പ്രവർത്തനം പഴയ സമയപ്രകാരത്തിലേക്ക് മടങ്ങും. അതേസമയം ഹൈവേകളിലും റിംഗ് റോഡുകളിലും ഡെലിവറി ബൈക്കുകൾക്ക് ഉണ്ടായിരുന്ന പ്രവേശന വിലക്ക് തുടരും. വേനൽക്കാലം ആരംഭിച്ചതിന് പിന്നാലെ മറ്റ് തൊഴിലാളികൾക്ക് പകൽ സമയത്ത് ഏർപ്പെടുത്തിയ തൊഴിൽ നിയന്ത്രണങ്ങളും ഓഗസ്റ്റ് 31 വരെ മാത്രമേ ഉണ്ടാകൂ. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയാണ് രാജ്യത്ത് പകൽസമയത്തെ പുറംതൊഴിലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി ആയിരുന്നു നടപടി. രാവിലെ 11 മുതൽ വൈകിട്ട് നാലുമണിവരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്.