കുവൈത്തിൽ ഫാർമസികൾ വഴി ആന്റിജൻ പരിശോധനക്ക് അനുമതി നൽകുവാൻ ആരോഗ്യ മന്ത്രാലയം നടപടികൾ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കുവൈത്തിൽ കൊറോണ, ഒമിക്രോൺ വ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണു ഇത്. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗബാധ പെട്ടെന്ന് കണ്ടെത്തുവാനും രോഗ വ്യാപനം തടയുവാനും ആനിറ്റിജൻ പരിശോധന വ്യാപിപ്പിക്കുന്നത് സഹായകമാകുമെന്നാണു മന്ത്രാലയം കരുതുന്നത്.
ഫാർമസികളിലൂടെയും ലബോറട്ടറികളിലൂടെയും ഈ പരിശോധന നടത്തുന്നതിനു ഇവയെ ആരോഗ്യ മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സംവിധാനവുമായി ബന്ധിപ്പിക്കും. ഇത് വഴി പുതിയ രോഗ ബാധ, സംശയാസ്പദമായ കേസുകൾ മുതലായവ നിരീക്ഷിക്കുവാൻ സാധിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം കരുതുന്നു. ഏതെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെന്ന് സംശയം തോന്നുന്നവർക്കും ആന്റിജൻ പരിശോധനക്ക് സ്വയം വിധേയമാകാം. ഇതിനു പുറമെ സാമൂഹിക പരിപാടികൾ , കുടുംബ യോഗങ്ങൾ, പ്രായമായവരെ സന്ദർശിക്കൽ മുതലായ പരിപാടികളിൽ പങ്കെടുക്കുന്നവർക്കും ഇതിനു മുമ്പായി ആന്റിജൻ പരിശോധന നടത്തി ഉടൻ തന്നെ ഫലം അറിയുകയും ചെയ്യാം.