കുവൈത്തിൽ ക്വാറന്റൈൻ കാലയളവ് കുറയ്ക്കുവാൻ കൊറോണ ഉന്നത അവലോകന സമിതി മന്ത്രി സഭക്ക് ശുപാർശ്ശ സമർപ്പിച്ചതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ച സമർപ്പിച്ച ശുപാർശകൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കും.
രണ്ട് ഡോസു വാക്സിനേഷൻ പൂർത്തിയാക്കിയവരും രണ്ടാമത്തെ ഡോസ് എടുത്ത് 9 മാസം കഴിയാത്തവരുമായ രോഗ ബാധിതർക്ക് 7 ദിവസത്തെ ക്വാറന്റൈൻ ആണു സമിതി ശുപാർശ്ശ ചെയ്തിരിക്കുന്നത്. നിലവിൽ ഈ വിഭാഗത്തിൽ പെട്ടവർക്ക് 10 ദിവസമാണു ക്വാറന്റൈൻ കാലയളവ്. ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവർ അല്ലെങ്കിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 9 മാസം പിന്നിട്ടിട്ടും ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർ മുതലായ വിഭാഗങ്ങൾക്ക് ക്വാറന്റൈൻ 10 ദിവസമായി ചുരുക്കുവാനും സമിതി ശുപാർശ്ശ ചെയ്തു. നിലവിൽ 14 ദിവസമാണു ഇവർക്ക് ക്വാറന്റൈ കാലയളവ്. രോഗ ബാധിതരുമായി സമ്പർക്കം പുലർത്തിയ വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും 7 ദിവസത്തെ ക്വാറന്റൈൻ കാലയളവാണു ശുപാർശ്ശ ചെയ്യപ്പെട്ടിരിക്കുന്നത്. ക്വാറന്റൈൻ അവസാനിക്കുന്നതിനു മുമ്പായി ഇവർ ഒരു തവണ പി. സി. ആർ. പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തുകയും വേണം. വാക്സിനേഷൻ പൂർത്തിയാക്കാത്ത രോഗ ബാധിതരുമായി സമ്പർക്കം പുലർത്തിയവരുടെ ക്വറന്റൈൻ കാലയളവ് 14 ദിവസം ആയിരിക്കണമെന്നും ശുപാർശയിൽ സൂചിപ്പിക്കുന്നു.