കുവൈത്തിൽ കഴിഞ്ഞ ദിവസം മുതൽ പുതിയ ക്വാറന്റീൻ പ്രോട്ടോകോൾ നിലവിൽ വന്നു. രോഗ ബാധ സ്ഥിരീകരിച്ച മറ്റൊരാളുമായി 15 മിനിറ്റോ അതിൽ കൂടുതലോ നേരം മുഖാവരണം ധരിക്കാതെ രണ്ട് മീറ്ററിൽ താഴെ അകലത്തിൽ സമ്പർക്കം പുലർത്തിയാൽ അയാളെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തും. വാക്സിനേഷൻ സ്വീകരിച്ചവര്ക്കും അല്ലാത്തവർക്കും വ്യത്യസ്ഥ ക്വറന്റൈൻ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്. വാക്സിനേഷൻ പൂർത്തിയാക്കാത്ത ഒരാൾ രോഗ ബാധിതരുമായി സമ്പർക്കം പുലർത്തിയാൽ അയാൾ 14 ദിവസം ക്വറന്റൈൻ അനുഷ്ഠിക്കണം. എന്നാൽ വാക്സിനേഷൻ പൂർത്തിയാക്കിയ വ്യക്തി രോഗ ബാധിതരായവരുമായി സമ്പർക്കം പുലർത്തിയാൽ 7 ദിവസത്തിനു ശേഷം പി. സി. ആർ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ ക്വറന്റൈൻ അവസാനിപ്പിക്കാവുന്നതാണ്. രോഗ ബാധിതനായ വ്യക്തിയുടെ ഐസൊലേഷൻ കാലയളവും പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്കും അല്ലാത്തവർക്കും വ്യത്യസ്തമായിരിക്കും. വാക്സിനേഷൻ പൂർത്തിയാക്കിയവരുടെ ഐസോലേഷൻ കാലയളവ് 7 ദിവസമായും അല്ലാത്തവരുടെത് 10 ദിവസമായും നിശ്ചയിച്ചു. ഐസൊലേഷൻ കാലയളവിലും അതിനുശേഷവും മുഖാവരണം ധരിക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യ മന്ത്രാലയം ഊന്നിപ്പറഞു.
ബൂസ്റ്റർ ഡോസ് സ്വീകരിച്ച എല്ലാവരേയും അല്ലെങ്കിൽ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസത്തിൽ കവിയാത്ത കാലയളവിലുള്ള എല്ലാവരേയും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വ്യക്തിയായി കണക്കാക്കപ്പെടും. അതേ പോലെ കോവിഡ് ബാധിതരായി 28 ദിവസത്തിൽ കൂടുതൽ പിന്നിടാത്തവരെയും പ്രതിരോധ ശേഷി കൈവരിച്ചവരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തും. ജോൺസൺ& ജോൺസൺ വാക്സിൻ സ്വീകരിച്ച എല്ലാവരും 9 മാസത്തിനു മുമ്പായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
മൂക്കൊലിപ്പ്, തുമ്മൽ, ചുമ, തൊണ്ടവേദന, തലവേദന അല്ലെങ്കിൽ പനി, ശ്വാസ തടസ്സം മുതലായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ഇവർ , ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യണം. ആവശ്യമെങ്കിൽ പനി കുറയുന്നതിനുള്ള മരുന്നുകൾ കഴിക്കുകയും , രോഗലക്ഷണങ്ങൾ തുടരുകയോ തീവ്രമാകുകയോ ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യോപദേശമോ സഹായമോ തേടണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.