കുവൈത്തിൽ 60 വയസ്സിന് മുകളിൽ പ്രായമായ ഹൈ സ്‌കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികൾ വീണ്ടും പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഈ വിഭാഗത്തിൽ പെട്ട ജീവനക്കാരെ കമ്പനികൾ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതായി റിപ്പോർട്ട് ഉണ്ട്. ജോലിയിൽ നിന്ന് രാജിവെക്കുവാനോ , അല്ലെങ്കിൽ താമസരേഖ മാറ്റുവാനോ ആണ് കമ്പനി അധികൃതർ ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഈ വിഭാഗത്തിൽ പെട്ടവരുടെ താമസരേഖ പുതുക്കുന്നതിനു വിലക്കുണ്ട്. ഈ വിഷയത്തിൽ ഇത് വരെ തീരുമാനം ആയിട്ടുമില്ല .ഈ സാഹചര്യത്തിൽ ഇവർക്ക് പുതിയ ജോലിയോ സ്പോൺസറെയോ കണ്ടെത്തുക എന്നത് ഏറെ ബുദ്ധിമുട്ടാണ്.
ഇതോടെ താമസരേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വത്തിനു പുറമേ മറ്റൊരു പ്രതിസന്ധി കൂടിയാണു ഇവർ നേരിടുന്നത്. നിലവിൽ രാജ്യത്ത് ഈ വിഭാഗത്തിൽ പെട്ട 54,000 പ്രവാസികൾ ഉണ്ടെന്നാണു കണക്ക്. അതേ സമയം 60 വയസ്സിനു മുകളിൽ പ്രായമായവരുടെ താമസരേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം താമസിയാതെ ഉണ്ടാകുമെന്നാണു സൂചന. നീതിന്യായ നിയമ വകുപ്പ് മന്ത്രി ജമാൽ അൽ ജലാവി വിഷയത്തിൽ ഉടൻ തന്നെ അന്തിമ തീരുമാനം പുറപ്പെടുവിക്കുമെന്നാണു വിവരം. ഈ വിഷയത്തിൽ മന്ത്രിക്ക് പ്രത്യേക കാഴ്ചപ്പാടുണ്ടെന്നും, എല്ലാവർക്കും സ്വീകാര്യമായ രീതിയിലുള്ള പ്രശ്ന പരിഹാരത്തിനാണു അദ്ദേഹം ശ്രമിക്കുന്നതെന്നും പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷം വരാതെ,പ്രവാസികളടെ അവകാശങ്ങൾ സംരക്ഷിച്ച് കൊണ്ടുള്ളതായിരിക്കും പുതിയ തീരുമാനമെന്നും റിപ്പോർട്ട് ഉണ്ട്.