കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 നഴ്‌സുമാർ ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിൽ. ജീ. ടി. സി അൽ സുകൂർ കമ്പനി വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ കരാർ അടിസ്‌ഥാനത്തിൽ നിയമിക്കപ്പെട്ട ഇവരിൽ 250 ഓളം പേർ മലയാളികളാണ്.
ഈ മാസം 26 നു തൊഴിൽ കരാർ അവസാനിക്കുകയാണെന്ന് ജനുവരി 24 നാണ് കമ്പനി അധികൃതർ അറിയിക്കുന്നത്. നാല് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വാങ്ങിയാണ് വിവിധ കാലങ്ങളിൽ ഇവരിൽ ഭൂരിഭാഗം പേർക്കും കമ്പനി നിയമനം നൽകിയത്. അവധിയിൽ നാട്ടിലേക്ക് പോകണമെന്നും പുതിയ കരാർ ലഭിച്ചാൽ വീണ്ടും ജോലി നൽകാം എന്നുമാണ് കമ്പനി ഇവരെ ധരിപ്പിച്ചിരിക്കുന്നത്.റിലീസ് നൽകിയാൽ ഇവർക്ക് ഉയർന്ന ശമ്പളത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ തന്നെ നേരിട്ട് നിയമനം ലഭിച്ചേക്കും.എന്നാൽ പണം വാങ്ങി പുതിയ ഉദ്യോഗാർഥികളെ റിക്രൂട് ചെയ്യാനുള്ള സാധ്യത കമ്പനിക്ക് നഷ്ടമാകും എന്നതാണ് കമ്പനി അധികൃതർ ഇതിനു തയ്യാറാകാത്തത് എന്നാണു നഴ്‌സുമാർ പറയുന്നത്.
മുബാറക് അൽ കബീർ ആരോഗ്യ മേഖലക്ക് കീഴിലുള്ള വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന നഴ്സുമാർക്കാണു ജോലി നഷ്ടമായിരിക്കുന്നത്. ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് 350 ദിനാറും ക്ലിനിക്കുകളിൽ ജോലി ചെയ്യുന്നവർക്ക് 300 ദിനാറുമാണു കമ്പനി ശമ്പളം നൽകുന്നത്. ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ഇതിനു ഇരട്ടിയിലധികം തുകയാണു കമ്പനി ഈടാക്കുന്നതും. കൂടാതെ മറ്റു സേവന ആനുകൂല്യങ്ങൾ ഒന്നും തന്നെ കമ്പനി ഇവർക്ക് നൽകുന്നുമില്ല. നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നേരത്തെയും ഈ സ്ഥാപനത്തിന് എതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. പിന്നീട് സ്ഥാപനത്തിന്റെ പേര് മാറ്റിയാണ് ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കമ്പനി ഇന്ത്യയിൽ നിന്നും വീണ്ടും നഴ്‌സുമാരെ റിക്രൂട്ട് ചെയ്തത്.