കുവൈത്തിൽ 60 വയസ്സ് പ്രായമായ ഹൈ സ്‌കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നത് ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. കുവൈത്ത് ഓഹരി വിപണി പട്ടികയിൽ ഉൾപ്പെട്ട ഇൻഷുറൻസ് കമ്പനികളിലൊന്നിൽ നിന്നു 503.5 ദിനാറിന്റെ ആരോഗ്യ ഇൻഷുറൻസ് പോളിസിയും 250 ദിനാർ ഫീസും ഈടാക്കിയാണു ഈ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് തൊഴിൽ അനുമതി രേഖ പുതുക്കി നൽകുന്നത്.ഇത്തരത്തിൽ നിരവധി അപേക്ഷകളാണു മാനവ ശേഷി സമിതിയുടെ ‘അഷൽ’ ഓൺ ലൈൻ സംവിധാനം വഴി ഇന്ന് ലഭിച്ചത്. ഈ അപേക്ഷകൾ സമർപ്പിച്ച ശേഷം, ഇതിനായി നിയോഗിക്കപ്പെട്ട പ്രത്യേക ജീവനക്കാർ പരിശോധിക്കുകയും പ്രതികരിക്കുകയും ചെയ്യും. അപേക്ഷക്ക് അംഗീകാരം ലഭിച്ചാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സിസ്റ്റം വഴി താമസ രേഖ പുതുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കാവുന്നതാണു. ഈ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് തൊഴിൽ അനുമതി രേഖ പുതുക്കുന്നതിനു ഏർപ്പെടുത്തിയ വിലക്ക് മാനവശേഷി സമിതിയുടെ ഡയരക്റ്റർ ബോർഡ് യോഗം കഴിഞ്ഞ മാസം നീക്കം ചെയ്യൂകയും ജനുവരി 30 മുതൽ നിയമം പ്രാബല്യത്തിൽ വരികയും ചെയ്തിരുന്നു. എന്നാൽ ഇൻഷുറൻസ് കമ്പനികളുമായുള്ള സാങ്കേതിക പ്രശ്നങ്ങൾ കാരണം തീരുമാനം നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല.