കോവിഡ് മുന്നണിപ്പോരാളികൾക്കു കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം നൽകിത്തുടങ്ങി. മലയാളികൾ ഉൾപ്പെടെ നിരവധി ആരോഗ്യപ്രവർത്തകർക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ട്. തസ്തിക അനുസരിച്ച് 2500 ദിനാർ (6.2 ലക്ഷം രൂപ) മുതൽ 5000 ദിനാർ (12.4 ലക്ഷം രൂപ) വരെയാണു നൽകി വരുന്നത്. പ്രധാനമന്ത്രി ഒപ്പിട്ട പ്രശംസാ പത്രവും ഇവർക്കു കൈമാറി.
ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ അഹോരാത്രം പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്ക് ഉപഹാരം നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 60 കോടി ദിനാർ വകയിരുത്തിയിരുന്നു. ഇതിനു പുറമേ മാർച്ച് മുതൽ അവശ്യവസ്തുക്കൾ അടങ്ങിയ സൗജന്യ റേഷൻ നൽകുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.