കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ചില വിഭാഗങ്ങളെ പി. സി. ആർ. സർട്ടിഫിക്കറ്റ് ഹാജരാക്കൽ , ക്വാറന്റൈൻ അനുഷ്ടിക്കൽ എന്നീ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കി. ഇന്ത്യയിൽ നിന്ന് രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി കുവൈത്തിൽ എത്തി നാട്ടിലേക്ക് പോകുന്നവരെയാണു കേന്ദ്ര സർക്കാർ ഈയിടെ നടപ്പിലാക്കിയ പി. സി. ആർ. സർട്ടിഫിക്കറ്റ് ഹാജരാക്കൽ, ക്വാറന്റൈൻ അനുഷ്ടിക്കൽ മുതലായ നിബന്ധനകളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് സർവ്വീസ് നടത്തുന്ന ചില എയർ ലൈൻ കമ്പനികൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായാണു വിവരം. ഇത് അനുസരിച്ച് ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള 82 രാജ്യങ്ങളിൽ നിന്നൊ ( ഇതിൽ കുവൈത്ത് ഉൾപ്പെടില്ല )രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കി നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് കുവൈത്തിൽ നിന്ന് പുറപ്പെടുന്നതിനു മുന്നോടിയായി നടത്തുന്ന പി. സി. ആർ. പരിശോധന ആവശ്യമില്ല. ഇതിനു പുറമേ നാട്ടിൽ എത്തിയാൽ ക്വാറന്റൈൻ അനുഷ്ഠിക്കണമെന്ന വ്യവസ്ഥയും ഇവർക്ക് ബാധകമായിരിക്കില്ല. എന്നാൽ കുവൈത്തിൽ നിന്ന് വാക്സിനേഷൻ പൂർത്തിയാക്കി നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് നേരത്തെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് പ്രകാരം കുവൈത്തിൽ നിന്ന് നടത്തിയ പി. സി. ആർ. പരിശോധന സർട്ടിഫിക്കറ്റ്, നാട്ടിൽ എത്തിയാലുള്ള ഒരാഴ്ചത്തെ ക്വാറന്റൈൻ അനുഷ്ഠിക്കൽ മുതലായ നിബന്ധനകൾ ബാധകമായിരിക്കും.