കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുകയും ദേശീയ ദിനത്തോട് അനുബന്ധിച്ച് 9 ദിവസത്തെ അവധി ദിവസങ്ങളും പ്രഖ്യാപിച്ചതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പഴയ പ്രതാപത്തിലേക്ക്. ദേശീയ ദിന അവധി ദിവസങ്ങൾ ആരംഭിച്ച വ്യാഴാഴ്ച ഉച്ച മുതൽ രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്ന യാത്രക്കാരെ കൊണ്ട് T1, T4, T5 എന്നീ ടെർമിനലുകൾ നിറഞ്ഞു. ഫെബ്രുവരി 23 മുതൽ മാർച്ച് 6 വരെയുള്ള കാലയളവിൽ വിമാനത്താവളം വഴി 3,190 ഫ്ലൈറ്റുകളാണു ഓപറേറ്റ് ചെയ്യുന്നത്. ഈ ദിവസങ്ങളിൽ ആകെ 663,000 പേർ യാത്ര ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിൽ 1,660 വിമാനങ്ങളിലായി 343,000 രാജ്യത്ത് നിന്ന് പുറത്തേക്കും 1,530 വിമാനങ്ങളിലായി 320,000 പേർ എത്തിച്ചേരുകയും ചെയ്യും. തിരക്ക് മുൻ നിർത്തി യാത്രക്കാർക്കുള്ള തടസ്സങ്ങൾ നീക്കാൻ ഓപ്പറേഷൻസ്, ഗ്രൗണ്ട് സർവീസ്, എയർലൈനുകൾ എന്നിവയുമായി ഏകോപിപ്പിച്ചു കൊണ്ട് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വയോധികർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുബൈ,ഷാർജ, ഇസ്താംബുൾ, മഷാദ്, നജാഫ്, കെയ്‌റോ, ജിദ്ദ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയാണു അവധി ചെലവഴിക്കാൻ ഏറ്റവും അധികം യാത്രക്കാർ യാത്രക്കാർ തെരഞ്ഞെടുത്ത ലക്ഷ്യ സ്ഥാനങ്ങൾ. അടുത്ത വ്വെള്ളിയാഴ്ച മുതൽ വിമാന താവളത്തിൽ അവധി കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ തിരക്കും ആരംഭിക്കും.