അമേരിക്കയിൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ മരിച്ചു. ഡേവിഡ് ബെന്നറ്റ് എന്ന 57 കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷം മരിച്ചത്. ജനുവരി ഒന്‍പതിനാണ് ഏഴ് മണിക്കൂർ നീണ്ട ശസ്‌ത്രക്രിയയിലൂടെ വൈദ്യശാസ്‌ത്രലോകത്തെ വഴിത്തിരിവായ ശസ്ത്രക്രിയ നടന്നത്. ബാൾട്ടിമോറിലെ മേരിലാൻഡ് മെഡിക്കൽ സെന്‍ററിലായിരുന്നു ശസ്‌ത്രക്രിയ.
ബെന്നറ്റിന്‍റെ ആരോഗ്യനില ഏറെ മോശമായതിനാൽ മനുഷ്യഹൃദയം മാറ്റിവെക്കാനാവില്ലെന്ന് ഡോക്‌ടർമാർ വിധിയെഴുതിയിരുന്നു. തുടർന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കുക എന്ന പരീക്ഷണം നടത്തിയത്. ശസ്‌ത്രക്രിയക്ക് ശേഷം വെന്‍റിലേറ്റർ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിച്ചിരുന്നു.