കുവൈത്തിൽ രണ്ട് വർഷത്തിൽ അധികമായി തുടരുന്ന പ്രതി ദിന കോവിഡ് വാർത്താ ബുള്ളറ്റിൻ അടുത്ത ആഴ്ച മുതൽ നിർത്തലാക്കുന്നു. ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ അബ്ദുല്ല അൽ സനദ് ആണ് ഇക്കാര്യം അറിയിച്ചത്. രോഗ ബാധ, മരണം, രോഗ മുക്തി, സ്രവ പരിശോധന, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, തീവ്ര പരിചരണ വിഭാഗം രോഗികൾ, സജീവ രോഗികൾ മുതലായ കോവിഡുമായി ബന്ധപ്പെട്ട പ്രതി ദിന വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണു കോവിഡ് ബുള്ളറ്റിൻ തയ്യാറാക്കിയിരുന്നത്. രാജ്യത്ത് ആദ്യമായി കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട 2020 ഫെബ്രുവരി 24 മുതൽ ഇന്നലെ വരെ തുടർച്ചയായി 747 ബുള്ളറ്റിനുകളാണു മന്ത്രാലയം പുറത്തിറക്കിയത്. കഴിഞ്ഞ രണ്ടു വർഷമായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ അബ്ദുല്ല അൽ സനദ് തന്നെയാണു വാർത്താ സമ്മേളനം വഴി മാധ്യമങ്ങളെ വിവരങ്ങൾ അറിയിച്ചിരുന്നത്.ഈ പ്രക്രിയ ആണു അടുത്ത ആഴ്ച മുതൽ നിർത്തലാക്കുന്നത്. എന്നാൽ കോവിഡുമായി ബന്ധപ്പെട്ട പ്രതി ദിന വിവരങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴി ലഭ്യമാകും.