കുവൈത്തിൽ വാക്സിനേഷൻ പൂർത്തിയാക്കാത്ത അധ്യാപകർക്കും 16 വയസ്സിനു മുകളിൽ പ്രായമായ വിദ്യാർത്ഥികൾക്കും ക്ലാസുകളിൽ കയറുന്നതിനു ഓരോ ആഴ്ചയിലും പി. സി. ആർ. പരിശോധന നടത്തണമെന്ന വ്യവസ്ഥ റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണു തീരുമാനം കൈകൊണ്ടത്. രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണു തീരുമാനം. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം നേരത്തെ അംഗീകാരം നൽകിയിരുന്നുവെങ്കിലും മന്ത്രി സഭ യോഗത്തിൽ കഴിഞ്ഞ ദിവസമാണ് അംഗീകാരം ലഭിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ ഉപയോഗിക്കാത്ത വാർഷിക അവധി പണമായി മാറ്റുന്നതിനും മന്ത്രി സഭാ യോഗം അനുമതി നൽകി. സർക്കാർ മേഖലയിൽ 5 വർഷം സേവനം പൂർത്തിയായവർക്കാണ് ഇതിനു അനുമതി നൽകിയിരിക്കുന്നത്. ഉപയോഗിക്കാത്ത അവധി ദിനങ്ങൾ പണമായി കൈമാറിയ ശേഷം ബാക്കി വരുന്ന അവധി ദിനങ്ങളുടെ എണ്ണം 30 ദിവസത്തിൽ കുറയരുത് എന്ന വ്യവസ്ഥയും ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്.