കുവൈത്തിൽ അർദ്ദിയയിലെ സ്വദേശി കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആന്ദ്ര കടപ്പ ജില്ല സ്വദേശി വില്ലോട്ട വെങ്കടെഷിനെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥരാണു ഇക്കാര്യം സ്ഥിരീകരിച്ചത്.ബുധനാഴ്ച വൈകുന്നേരം സെൻട്രൽ ജയിലിൽ ഇയളെ പാർപ്പിച്ചിരുന്ന തടവറയിൽ ആണ് സംഭവം. കഴുത്തിൽ തുണി മുറുക്കി സെല്ലിനുള്ളിലെ ഇരുനില കട്ടിലിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഈ മാസം 3 നാണു അർദ്ദിയ പ്രദേശത്ത് 80 കാരനായ സ്വദേശിയും 50 കാരിയായ ഭാര്യയും 18 കാരിയായ മകളും കുത്തേത് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൊല്ലപ്പെട്ട കുടുംബത്തിലെ ഒരാളുമായി ഇയാൾ വിസ കച്ചവടം നടത്തിയിരുന്നതായും ഇതേ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണു കൊലക്ക് പ്രേരണയായതെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.കൊലക്ക് ശേഷം 300 ദിനാറും 600 ദിനാറോളം വില വരുന്ന സ്വർണ്ണവും ഇയാൾ വീട്ടിൽ നിന്ന് മോഷ്ടിച്ചതായും അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു.രാജ്യത്തേ ഞെട്ടിച്ച പ്രമാദമായ കൊലക്കേസിലെ പ്രതിയെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.