കുവൈത്തിലെ എല്ലാ പ്രദേശങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫിന്റെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നിലവിലെ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ മന്ത്രി ഊന്നിപറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും ഒരേ നിയമം എന്ന തത്വം അംഗീകരിച്ചു കൊണ്ട് നിയമം നടപ്പിലാക്കുവാനും മന്ത്രി ആവശ്യപ്പെട്ടു. അതേ സമയം രാജ്യത്തെ എല്ലാ ബാങ്കുകളുടെയും സുരക്ഷാ ക്യാമറ സംവിധാനങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ വിഭാഗവുമായി ബന്ധിപ്പിക്കുവാൻ ആഭ്യന്തര മന്ത്രാലയം ബാങ്കുകളോട് ആവശ്യപ്പെട്ടു.