കുവൈത്തിൽ ഒരേ ഉൽപ്പന്നത്തിനു 35 ഫിൽസ് അധികം ഈടാക്കിയ ജംഇയ്യക്ക് എതിരെ വാണിജ്യ മന്ത്രാലയം നടപടി സ്വീകരിച്ചു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു ജം’ഇയ്യക്ക് എതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടച്ചു പൂട്ടാൻ നിർദേശം നൽകിയതായും വാണിജ്യ മന്ത്രാലയത്തിലെ ക്യാപിറ്റൽ ഗവർണറേറ്റ് എമർജൻസി ടീം തലവൻ ഹമീദ് അൽ ദഫീരി വ്യക്തമാക്കി. രാജ്യത്ത് വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി വിപണിയിൽ നടത്തുന്ന പരിശോധനയിലാണ് നിയമ വിരുദ്ധമായി ഒരേ ഉൽപ്പന്നത്തിനു രണ്ട് വില ഈടാക്കിയത് കണ്ടെത്തിയത്. ഒരേ ഉൽപ്പന്നത്തിനു സ്ഥാപനത്തിൽ ഒരിടത്ത് 250 ഫിൽസും മറ്റൊരിടത്ത് 285 ഫിൽസുമാണ് വില പ്രദർശിപ്പിച്ചിരുന്നത്. ഇത് ഉപഭോക്താക്കളെ കബളിപ്പിക്കുവാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.