കുവൈത്തിൽ വിദേശികളുടെ താമസ നിയമങ്ങളിൽ സമഗ്രമായ ഭേദഗതി വരുത്തികൊണ്ടുള്ള കരട് നിയമം ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. വിദേശികളുടെ താമസ നിയമവുമായി ബന്ധപ്പെട്ട ഒട്ടേറെ ഭേദഗതി മുന്നോട്ട് വെക്കുന്ന കരട് നിയമം ആഭ്യന്തര മന്ത്രാലയമാണു തയ്യാറാക്കിയത്.
കരട് നിയമത്തിലെ പ്രധാന നിർദ്ദേശങ്ങൾ :-
* സാധാരണ പ്രവാസികൾക്ക് പരമാവധി 5 വർഷത്തേക്ക് ആയിരിക്കും താമസരേഖ അനുവദിക്കുക.കാലാവധിക്ക് ശേഷം താമസ രേഖ പുതുക്കുന്നതിനുള്ള നിബന്ധനകൾ പാലിക്കാൻ സാധിക്കാത്തവർ രാജ്യം വിടേണ്ടതാണു.
* രാജ്യത്തെ റിയൽ എസ്റ്റേറ്റ് ഉടമകളായ വിദേശികൾക്കും സ്വദേശികളുടെ ഭാർത്താവ് / വിദേശി ഭർത്താവിൽ ജനിച്ച മക്കൾ എന്നിവർക്ക് 10 വർഷത്തേക്കുള്ള താമസരേഖ അനുവദിക്കും.
* രാജ്യത്തെ വൻ നിക്ഷേപകരായ പ്രവാസികൾക്ക് 15 വർഷം കാലാവധിയുള്ള താമസ രേഖ അനുവദിക്കും.
* ഗാർഹിക വിസയിൽ ജോലി ചെയ്യുന്നവർ രാജ്യത്തിനു പുറത്ത് 4 മാസത്തിൽ അധികം താമസിച്ചാൽ താമസ രേഖ സ്വമേധയാ അസാധുവാകും.4 മാസത്തിൽ അധികം കാലം രാജ്യത്തിനു പുറത്ത് താമസിക്കേണ്ടവർ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടതാണു.
*സ്വദേശി വനിതകൾക്ക് വിദേശി ഭർത്താവിൽ ജനിച്ച മക്കൾ, റിയൽ എസ്റ്റേറ്റ് ഉടമകൾ, നിക്ഷേപകർ എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള മറ്റു പ്രവാസികൾ 6 മാസത്തിൽ കൂടുതൽ കാലം രാജ്യത്തിനു പുറത്ത് കഴിഞ്ഞാൽ താമസ രേഖ സ്വമേധയാ റദ്ധാകും.
വിസ കച്ചവടം, മനുഷ്യക്കടത്ത്,മുതലായ താമസരേഖയുമായി ബന്ധപ്പെട്ട കുറ്റ കൃത്യങ്ങൾക്ക് പതിനായിരം ദിനാർ വരെ പിഴ ചുമത്തുവാനും നിർദ്ദേശിക്കുന്ന കരട് ബില്ലിനു പാർലമെന്റിൽ അംഗീകാരം ലഭിച്ചാൽ മന്ത്രി സഭയുടെ അംഗീകാരത്തോടെ നിയമം പ്രാബല്യത്തിൽ വരും.