കുവൈത്തിൽ പള്ളികളിൽ നോമ്പ് തുറ പരിപാടികൾ സംഘടിപ്പിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് അനുസരിച്ച് പള്ളികൾക്കകത്ത് നിന്ന് ഇഫ്താർ വിരുന്ന് നടത്തുന്നത് ശിക്ഷാർഹ
മായിരിക്കും. എന്നാൽ പള്ളികളുടെ കവാടങ്ങളിൽ വെച്ച് നോമ്പ് തുറ വിഭവങ്ങൾ പാർസ്സൽ ആയി വിതരണം ചെയ്യാം. നിർദ്ദേശം ലംഘിക്കുന്നവർക്ക് എതിരെ കർശ്ശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നു.
പള്ളികളുടെ അതിർത്തിക്ക് അകത്ത് റമദാൻ ടെന്റുകൾ സ്ഥാപിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പള്ളികളുടെ മതിലിനോട് ചേർന്നുള്ള ടെന്റുകളിലേക്ക് വൈദ്യുതി ബന്ധം എത്തിക്കാൻ അനുവദിക്കുന്നതുമല്ല. രാജ്യത്ത് കൊറോണ വ്യാപനം കുറഞ്ഞെങ്കിലും ചില പ്രദേശങ്ങളിൽ ഇപ്പോഴും രോഗ ബാധ തുടരുകയാണു. ഈ സാഹചര്യത്തിലാണു തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.