കുവൈത്തിലെ പരിസ്ഥിതി സംരക്ഷണ മേഖലയായ ജഹറ റിസർവിൽ പതിനായിരത്തോളം സിദർ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു .ജൈവ വൈവിധ്യത്തിനും രാജ്യത്തിന്റെ ഹരിതാഭ വിസ്തൃതി വർധിപ്പിക്കുക എന്ന ലക്ഷ്യവും മുൻ നിർത്തിയാണ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പതിനായിരത്തിൽ അധികം സിദർ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചത്.
ജഹറ റിസർവ് ഡയറക്ടർ ബോർഡ് ചെയർമാനും പരിസ്ഥിതി സംരക്ഷണ സമിതി ഡയറക്ടർ ജനറലുമായ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദിന്റെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചത്. ഇത്തരത്തിലുള്ള ആദ്യ പരിപാടിയല്ല ഇതെന്നും രാജ്യത്തെ ഹരിതാഭമാക്കുവാൻ സമിതിയുടെ നേതൃത്വത്തിൽ ഇനിയും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്നും പരിസ്ഥിതി സംരക്ഷണ സമിതി പൊതു സമ്പർക്ക വിഭാഗം ഡയരക്റ്റർ ഷെയ്ഖ അൽ ഇബ്രാഹിം വ്യക്തമാക്കി. ഇതിനായി പരിസ്ഥിതി സന്നദ്ധ സംഘടനകളുടെയും പരിസ്ഥിതി സ്നേഹികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു.