കുവൈത്തിൽ ബിൽ അടയ്ക്കാത്തതിന്റെ പേരിൽ റമദാനിൽ ആരുടെയും ജല വൈദ്യുതി ബന്ധം വിചഛേദിക്കരുതെന്ന് വൈദ്യുതി, ജല പുനരുപയോഗ ഊർജ വകുപ്പ് മന്ത്രി അലി അൽ-മൂസ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബിൽ കുടിശ്ശിക തീർക്കാത്തതിന്റെ പേരിൽ നേരത്തെ ജല വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ട ഉപഭോക്താക്കൾക്ക് റമദാനിനു മുമ്പായി ബന്ധം പുനസ്ഥാപിച്ചു നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ഇവരിൽ നിന്ന് കുടിശിക അടക്കുമെന്ന് എഴുതി വാങ്ങുകയും ചെയ്യണം. കുടിശ്ശിക അടക്കാത്തവരുടെ ജല വൈദ്യുതി ബന്ധം ഈദുൽ ഫിത്വറിനു ശേഷം വീണ്ടും വിച്ഛേദിക്കണമെന്നും മന്ത്രി അറിയിച്ചു.
അതേ സമയം മന്ത്രാലയത്തിലെ അറ്റകുറ്റപ്പണികളുടെ നിലവിലെ അവസ്ഥ ജല വൈദ്യുതി മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിമാരുമായുള്ള കൂടി കാഴ്ചയിൽ മന്ത്രി അവലോകനം ചെയ്യും. ഇതിനായി മന്ത്രാലയത്തിന്റെ തയ്യാറെടുപ്പുകൾ നിർണ്ണയിക്കുമെന്നും സർക്കാർ വ്യക്തമാക്കി. വരുന്ന വേനൽക്കാലത്ത്, മന്ത്രാലയത്തിന്റെ എല്ലാ മേഖലകളിലും നിർദ്ദേശിച്ചിരിക്കുന്ന അറ്റകുറ്റപണികളുടെ ടെണ്ടറുകൾ ഏകോപിപ്പിക്കുന്നതിനായി യോഗത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കും.