ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ ആയിരത്തിലധികം അനാഥ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനുള്ള പദ്ധതിയുമായി കുവൈത്ത്. “നിങ്ങൾക്ക് അരികെ കുവൈത്ത് ” എന്ന പദ്ധതിയുടെ ഭാഗമായാണിതെന്ന് എർബിലിലെ കുവൈത്ത് കോൺസൽ ജനറൽ ഡോ. ഒമർ അൽ കന്ദരി വ്യക്തമാക്കി. ഇറാഖിലെ കുർദിസ്ഥാൻ പ്രവിശ്യയിലെ എൻ. ജി. ഓ. യുടെ സഹകരണത്തോടെയാണു ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. മേഖലയിലെ ദരിദ്ര വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണു ഈ പദ്ധതി നടപ്പിലാക്കുന്നത്.കുവൈത്തിലെ വിവിധ ജീവകാരുണ്യ സംഘടനകൾ സമാഹരിച്ച ധന സഹായം ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ അനാഥർക്ക് വിതരണം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാഖിലെയും കുർദിസ്ഥാൻ മേഖലയിലെ വിവിധ പ്രദേശങ്ങളിലുമായി 1,140 അനാഥരെ സ്പോൺസർ ചെയ്തതായി ഹബ ഓർഗനൈസേഷൻ ഫോർ ഡെവലപ്‌മെന്റ് ആൻഡ് ഹ്യൂമാനിറ്റേറിയൻ റിലീഫ് മേധാവി മുഹമ്മദ് സലിം വ്യക്തമാക്കി. യുദ്ധ കെടുതികളിൽ പെട്ട് പതിറ്റാണ്ടുകളായി വലയുന്ന ഇറാഖി ജനതക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കാൻ ഇനിയും തങ്ങളുടെ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പതിനായിരത്തോളം ഇറാഖി അനാഥരെ കുവൈത്ത് സ്പോൺസർ ചെയ്യുകയും അവർക്ക് നിരവധി മാനുഷിക സഹായങ്ങൾ നൽകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.