കുവൈത്തിൽ വരും മണിക്കൂറുകളിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതെ തുടർന്ന് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ദൃശ്യപരത 1000 മീറ്റർ വരെ ആയി കുറയുമെന്നും കേന്ദ്രം പുറപ്പെടുവിച്ച വാർത്താ കുറിപ്പിൽ പറയുന്നു. അതേ സമയം ഏത് അടിയന്തര സാഹചര്യവും നേരിടാൻ സന്നദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യ നിവാസികൾ ജാഗ്രത പാലിക്കുവാനും ഇനിപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുവാനും മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
ആസ്ത്മാ, അലർജി രോഗികൾ ബ്രോങ്കോഡിലേറ്റർ മരുന്നുകൾ പതിവായി ഉപയോഗിക്കുക, അത്യാവശ്യ കാര്യങ്ങൾക്ക് ഒഴികെ വീട്ടിൽ നിന്ന് പുറത്തിറങാതിരിക്കുക, അലർജി, ശ്വാസകോശ രോഗികൾ പൊടി പടലങ്ങളിൽ നിന്ന് വിട്ടു നിൽക്കുക ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങൾ ഉള്ളവർ മരുന്നുകളുമായി പ്രതികരിക്കാത്ത സാഹചര്യങ്ങളിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വൈദ്യസഹായം തേടുക, അടിയന്തിര ഘട്ടങ്ങളിൽ സഹായത്തിനായി എമർജൻസി ലൈൻ 112 ൽ വിളിക്കുക.