കുവൈത്തിൽ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് ലൈസൻസ് നൽകുന്നത് നിർത്തി വെച്ചു. വ്യോമഗതാഗതത്തിനും വിമാനങ്ങൾക്കും അപകടകരമാകുന്ന സാഹചര്യത്തിൽ കുവൈത്ത് വ്യോമയാന അധികൃതരാണു ഇക്കാര്യം തീരുമാനിച്ചത്.
ഡ്രോണുകളുടെ സാന്നിധ്യം മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങൾ കണക്കിലെടുത്ത് സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ വിമാനത്താവളത്തിലെ എല്ലാ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്വകാര്യ ആവശ്യങ്ങൾക്കായുള്ള ഡ്രോണുകൾക്ക് പെർമിറ്റുകൾ നൽകുന്നത് നിർത്തി വെക്കുവാനും ഇവ സർക്കാർ ഏജൻസികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഡ്രോണുകളുടെ ദുരുപയോഗം വ്യോമ ഗതാഗത്തിനു ഭീഷണിയായി മാറിയിട്ടുണ്ട്. ഇത് തടയാൻ നിലവിൽ പുതിയ നടപടിക്രമങ്ങൾ ക്രമീകരിച്ചു വരികയാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി. ഡ്രോണുകളുടെ പ്രവർത്തനങ്ങൾ കുവൈത്ത് വ്യോമയാന സുരക്ഷാ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായിരിക്കണമെന്നും ആവശ്യമായ ലൈസൻസുകളോ അനുമതിയോ കൂടാതെ ഡ്രോൺ ഉപയോഗിക്കുന്നവരെ നിയമപരമായ നടപടികൾക്ക് വിധേയരാക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.