കുവൈത്തിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വാണിജ്യ മന്ത്രാലയം ഏർപ്പെടുത്തിയ നിയമങ്ങൾ അനുസരിക്കുവാൻ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് വാണിജ്യ വ്യവാസയ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സാധനങ്ങൾ വാങ്ങിയ ദിവസം മുതൽ 14 ദിവസത്തിനകം അവ തിരികെ നൽകുവാനും പകരം സാധനം ലഭിക്കുവാനും ഉപഭോക്താക്കൾക്ക് അവകാശം ഉണ്ട്. എന്നാൽ ആഭരണങ്ങൾ, വാച്ചുകൾ, കണ്ണടകൾ, സുഗന്ധ ദ്രവ്യങ്ങൾ മുതലായ വില കൂടിയ ഉൽപ്പന്നങ്ങളെയും സായാഹ്ന വസ്ത്രങ്ങൾ, അടി വസ്ത്രങ്ങൾ, നീന്തൽ വസ്ത്രങ്ങൾ മുതലായ ഉൽപ്പന്നങ്ങളെയും ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ ഉൽപ്പന്നങ്ങൾ വാങ്ങിയ തിയ്യതി മുതൽ ഒരു ദിവസത്തിനകം തിരികെ നൽകുകുവാനോ അല്ലെങ്കിൽ പകരം ഉൽപ്പന്നം ലഭിക്കുവാനോ ഉപഭോക്താവിനു അവകാശം ഉണ്ടായിരിക്കും.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഈ തീരുമാനം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പരാതികളുള്ളവർ മന്ത്രാലയത്തിനു പരാതി നൽകാൻ മടിക്കരുതെന്നും വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.