കുവൈത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടയിൽ ഇനി സ്വയരക്ഷക്കായി കുരുമുളക് സ്പ്രേ പ്രയോഗിക്കാം. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പൊതു സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർക്ക് അറിയിപ്പ് നൽകി. പൊതു സുരക്ഷാ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കാണു ഇവ ഉപയോഗിക്കുന്നതിനുള്ള അധികാരം നൽകിയിരിക്കുന്നത്. കുറ്റവാളികൾ, പിടി കിട്ടാ പുള്ളികൾ, സംശയാസ്പദമായ വ്യക്തികൾ എന്നിവരുമായി ഇടപഴകുമ്പോഴോ അല്ലെങ്കിൽ പൊതു സുരക്ഷയും ക്രമസമാധാനവും തകർക്കുന്നതോ തനിക്കും മറ്റുള്ളവരുടെ ജീവനും അപകടമുണ്ടാക്കുന്നതോ ആയ പ്രവൃത്തികൾ ചെയ്യുമ്പോഴോ ആദ്യം കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് മുന്നറിയിപ്പ് നൽകണമെന്നാണു അറിയിപ്പിൽ സൂചിപ്പിക്കുന്നത്. ഇവ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യരുതെന്നും അടുത്തുള്ള വ്യക്തികൾക്ക് ബാധിക്കാത്ത രീതിയിലായിരിക്കണം സ്പ്രേ പ്രയോഗിക്കേണ്ടതെന്നും അറിയിപ്പിൽ സൂചിപ്പിക്കുന്നു.