കുവൈത്തിൽ മാസ്ക് ധരിക്കൽ നിബന്ധന ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ പെരുന്നാളിന് മുമ്പായി പിൻ വലിച്ചേക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതനുസരിച്ച് പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമായിരിക്കില്ല. കൂടാതെ വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്ക് അടച്ചിട്ട ഇടങ്ങളിൽ പ്രവേശിക്കുന്നതിനു പി. സി. ആർ. സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ഒഴിവാക്കും. രോഗികളുമായി സമ്പർക്കം പുലർത്തിയവർക്ക് ഏർപ്പെടുത്തുന്ന ക്വാറന്റൈൻ,രോഗ ബാധിതർക്ക് ഏർപ്പെടുത്തുന്ന ഐസൊലേഷന്റെ കാലാവധി, പ്രതിരോധ കുത്തിവയ്പ് പൂർണ്ണമായി എടുക്കാത്തവർ, ഭാഗികമായി എടുത്തവർ എന്നിങ്ങനെ രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നടപടിക്രമങ്ങൾ മുതാലയ നിയന്ത്രണങ്ങളും ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് മുമ്പായി എടുത്തു മാറ്റുവാനും മന്ത്രാലയം ആലോചിക്കുന്നതായാണ് റിപ്പോർട്ട്.