കുവൈത്തിൽ കോവിഡ് തരംഗത്തിന് ശേഷം ഗാർഹിക തൊഴിലാളികൾ തങ്ങളുടെ തൊഴിൽ മേഖലയിൽ നിന്ന് വ്യാപകമായി ഒഴിഞ്ഞു പോകുന്നതായി സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു. ഇവരിൽ ഭൂരി ഭാഗം പേരും മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് ചേക്കേറുകയോ അല്ലെങ്കിൽ കുവൈത്തിൽ തന്നെ സ്വകാര്യ മേഖലയിൽ ഉയർന്ന നിരക്കിൽ പ്രതിദിന വേതനത്തിനു ജോലി ചെയ്യുകയോ ആണെന്നാണു കണ്ടെത്തൽ. കോവിഡ് സമയം സ്വന്തം നാട്ടിലേക്ക് അവധിക്ക് പോയ ഇവരിൽ പലരും, വിദേശികൾക്കുള്ള വിസ നടപടിക്രമങ്ങളിൽ ഉദാര സമീപനം സ്വീകരിച്ചു വരുന്ന മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുകയും അവിടെ ഉയർന്ന ശമ്പളത്തിനു ജോലി ചെയ്ത് വരികയും ചെയ്യുന്നു.
അതേ സമയം രാജ്യത്ത് വിസ അനുവദിക്കുന്നതിലും 60 വയസ്സിനു മുകളിൽ പ്രായമായ ഹൈ സ്കൂൾ വിദ്യാഭ്യാസം ഇല്ലാത്തവരുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നതിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം അനേകം തൊഴിൽ അവസരങ്ങളാണു ഇവിടെ ഉള്ളത്. ഈ അവസരം പ്രയോജനപ്പെടുത്തി കൊണ്ടാണു സ്വന്തം സ്പോൺസർമ്മാരിൽ നിന്ന് ഒളിച്ചോടിയവരോ അല്ലെങ്കിൽ സ്പോൺസറുമായുള്ള ധാരണ ഉണ്ടാക്കിയവരോ ആയ ഗാർഹിക തൊഴിലാളികൾ പുറത്ത് ജോലി ചെയ്യുന്നത്. തൊഴിൽ വിപണിയിൽ കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്നത് മൂലം ഉയർന്ന പ്രതിദിന വേതനമാണു ഇവർക്ക് ലഭിക്കുന്നത്. ഇത് മൂലം പുതിയ ഗാർഹിക തൊഴിലാളികളെ ലഭിക്കുക എന്നത് രാജ്യത്ത് കിട്ടാക്കനിയായി മാറിയിരിക്കുന്നുവെന്നാണു സ്ഥിവിവരകണക്കുകളിലെ കണ്ടെത്തൽ.