കുവൈത്തിൽ റമദാൻ മാസം അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ രാജ്യത്തെ വിവിധ പള്ളികളിൽ ഖിയാം ഉൽ ലൈൽ നമസ്കാരത്തിനായി വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു. ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടക്കുന്ന നിശാ പ്രാർത്ഥനകളിൽ പങ്കെടുക്കാൻ രാജ്യത്തെ വിവിധ പള്ളികളിൽ വൻ തിരക്കാണു അനുഭവപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദ് അൽ കബീറിന്റെ പ്രധാന ഹാളിൽ ഇത്തവണ തറാവീഹ്, ഖിയാം അൽ ലൈൽ പ്രാർത്ഥനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് സുറയിലെ ബിലാൽ അൽ റബീഹ് മസ്ജിദ്, അദെയിലിയയിലെ മജിദ് റാഷിദ് എന്നിവിടങ്ങളിലാണു ഏറ്റവും അധികം വിശ്വാസികൾ എത്തുന്നത്.
രാജ്യത്തെ പ്രമുഖ പണ്ഠിതന്മാരാണു ഇവിടെ ഓരോ ദിവസങ്ങളിലും ഇടവിട്ട് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നത്. കൂടാതെ മനോഹരമായ ഖുർ ആൻ പാരായണവും വിശ്വാസികളെ ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകമാണു. പാപ മോചനത്തിനും പാരത്രിക വിജയത്തിനുമായി സർവ്വ ശക്തനോട് കേണപേക്ഷിക്കുന്ന പ്രാർത്ഥനകളിൽ കുവൈത്തിന്റെയും രാജ്യ നിവാസികളുടെയും സുരക്ഷക്കും നന്മക്കും , സമൃദ്ധിക്കുമായും വിശ്വാസികൾ കൈ ഉയർത്തി കേഴുന്നു.