കുവൈത്തിൽ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ സംവിധാനമായ സഹേൽ ആപ്പിൽ പുതിയ സേവനം കൂടി ഉൾപ്പെടുത്തി. ആശ്രിത വിസയിൽ കഴിയുന്ന തങ്ങളുടെ കുടുംബാംഗങ്ങളുടെ സിവിൽ ഐ. ഡി. കാർഡ് ലളിതമായ നടപടി ക്രമങ്ങളിലൂടെ പുതുക്കാൻ കുടുംബ നാഥന് സാധ്യമാക്കുന്നതാണു പുതിയ സംവിധാനം. സഹേൽ ഔദ്യോഗിക വക്താവ് യൂസഫ് ഖാസിമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ സംവിധാനത്തിലൂടെ കുടുംബാംഗങ്ങളുടെ സിവിൽ ഐഡി കാർഡ് പുതുക്കൽ സേവനം കൂടുതൽ വേഗത്തിലും ലളിതമായും ഉപയോഗിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉപയോക്താക്കൾ ആപ്ലിക്കേഷനിൽ പ്രവേശിച്ച് മെനു തെരഞ്ഞെടുത്ത ശേഷം നിർദ്ദേശങ്ങൾ പിന്തുടർന്നാൽ എളുപ്പത്തിൽ സേവനങ്ങൾ പൂർത്തിയാക്കാൻ സാധ്യമാകും.