ഗോതമ്പ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയ ഇന്ത്യയുടെ തീരുമാനത്തെ തുടർന്നുള്ള പ്രതിസന്ധി നേരിടാൻ കുവൈത്ത് വാണിജ്യ മന്ത്രാലയം നടപടികൾ ആരംഭിച്ചു.ഗോതമ്പ് കയറ്റുമതി രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണു ഇന്ത്യ. റഷ്യ, ഉക്രൈൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് ഗോതമ്പ് ഇറക്കുമതിക്ക് ക്ഷാമം അനുഭവപ്പെട്ടു വരികയായിരുന്നു. ഇതിനു പിന്നാലെയാണു ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. ഇതേ തുടർന്നുള്ള പ്രതിസന്ധിയെ അഭിമുഖീകരിക്കാനും പരിഹാരങ്ങൾ കണ്ടെത്താനും ആവശ്യമായ പഠനങ്ങൾ നടത്തി വരികയാണെന്ന് വാണിജ്യ വ്യവസായ മന്ത്രി ഫഹദ് അൽ-ശരിയാൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വാണിജ്യ മന്ത്രാലയത്തിൽ, പ്രത്യേകിച്ച് വില നിയന്ത്രണ വിഭാഗം, ഉപഭോക്തൃ സംരക്ഷണ വിഭാഗം എന്നിവയിൽ പ്രത്യേക സമിതികൾ രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഗോതമ്പ് ഉൾപ്പെടെയുള്ള ചില ഭക്ഷ്യ ഉൽപന്നങ്ങളുടെ ദൗർലഭ്യം നേരിടുന്നതിന്, ചില ഉൽപ്പന്നങ്ങളുടെ സബ്സിഡി വർദ്ധിപ്പിക്കുവാൻ അടുത്ത മന്ത്രി സഭാ യോഗത്തിൽ ശുപാർശ്ശ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.