കഴിഞ്ഞ ആഴ്ചകളിലുണ്ടായ ക്രിപ്റ്റോ കറൻസി മൂല്യത്തകർച്ചയിൽ നിരവധി കുവൈത്തികൾക്ക് കോടികൾ നഷ്ടമായി. അബു അഹ്മദ് എന്ന ഒരു കുവൈത്തിക്ക് മാത്രം 25 ലക്ഷം ദീനാർ നഷ്ടമായതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇദ്ദേഹത്തിന്റെ ആകെ നിക്ഷേപത്തിന്റെ നാലിലൊന്നും മൂല്യത്തകർച്ചയിൽ കുറഞ്ഞു. ലൂണ എന്ന ഡിജിറ്റൽ കറൻസിയിലാണ് ഇദ്ദേഹം നിക്ഷേപിച്ചത്. പല കുവൈത്തികളും ബാങ്ക് വായ്പയെടുത്ത് വരെ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചിട്ടുണ്ട്. 50,000 ദീനാർ വായ്പയെടുത്ത് നിക്ഷേപിച്ച മറ്റൊരു കുവൈത്തിയുടെ നിക്ഷേപ തുക മൂന്നിലൊന്നായി കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ക്രിപ്റ്റോ കറൻസി നിക്ഷേപത്തിനെതിരെ കുവൈത്ത് സെൻട്രൽ ബാങ്ക് ഒരുപാട് മുന്നറിയിപ്പ് നൽകിയതാണ്. പെട്ടെന്ന് പണമുണ്ടാക്കാനായി വെർച്വൽ അസറ്റിൽ നിക്ഷേപിച്ചാൽ വലിയ നഷ്ട സാധ്യതയുണ്ടെന്നും പെട്ടെന്നുള്ള മൂല്യ വ്യത്യാസങ്ങൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ലെന്നും സെൻട്രൽ ബാങ്ക് ഗവർണർ ഡോ. മുഹമ്മദ് അൽ ഹാഷിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബാങ്ക് ഉപഭോക്താക്കളോടും പൊതുജനങ്ങളോടുമുള്ള ഉത്തരവാദിത്ത നിർവഹണ ഭാഗമായാണ് പ്രചാരണം നടത്തുന്നതെന്ന് ഡോ. മുഹമ്മദ് അൽ ഹാഷിൽ പറഞ്ഞു.