കുവൈത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായ പൊടിക്കാറ്റിൽ പ്രധാന റോഡുകളിൽ മണൽ അടിഞ്ഞുകൂടി. അവ നീക്കംചെയ്യാൻ അധികൃതർ പാടുപെട്ടു.
ഹൈവേകളിൽ ഗതാഗതം തടസ്സപ്പെടുംവിധം മണൽ റോഡിൽ നിറഞ്ഞിരുന്നു. ഗതാഗതം സുഗമമാക്കാൻ കഠിന പരിശ്രമം നടത്തിയാണ് അധികൃതർ റോഡ് വൃത്തിയാക്കിയത്.
പൊടിക്കാറ്റ് വീശിയാൽ പിന്നാലെ റോഡുകളിലെ മണൽ നീക്കം ചെയ്യുക എന്നത് പതിവാണ്. ഒരുനേരം ഏകദേശം 30,000 ക്യൂബിക് മീറ്റർ മണൽവരെ നീക്കം ചെയ്യാനുണ്ടാകും. ചില നേരങ്ങളിൽ ഇത് ഇരട്ടിയായിരിക്കും. കുറെ വർഷങ്ങളിലെ ഏറ്റവും കനത്ത പൊടിക്കാറ്റാണ് കഴിഞ്ഞദിവസം ഉണ്ടായതെന്ന് വിലയിരുത്തലുണ്ട്.
ഇറാഖിൽനിന്ന് ഉത്ഭവിച്ച കാറ്റ് കുവൈത്തിൽ ജനജീവിതം ദുസ്സഹമാക്കിയിരുന്നു. സബാഹിയ, സാൽമിയ, അബ്‌ദലി, കബദ് എന്നിവിടങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് മണൽനീക്കിയത്.