കുവൈത്തിൽ ഗോതമ്പിന്റെയും ഗോതമ്പുൽപന്നങ്ങളുടെയും വിതരണം തടസ്സമില്ലാതെ തുടരുന്നതായി ഗവണ്മെന്റ് കമ്യൂണിക്കേഷൻ സെന്റർ. ഗോതമ്പിന്റെ തന്ത്രപ്രധാനമായ സ്റ്റോക്ക് രാജ്യത്ത് നിലവിലുണ്ട്. യുക്രൈൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങൾ ഇതിനെ ബാധിച്ചിട്ടില്ല. രാജ്യത്തേക്കുള്ള ഗോതമ്പ് ഇറക്കുമതി നേരത്തേ ഷെഡ്യൂൾ ചെയ്തതുപോലെ മുന്നോട്ടുപോകുന്നുണ്ടെന്നും സി.ജി.സി ട്വിറ്ററിൽ അറിയിച്ചു. ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതും യുക്രെയ്ൻ പ്രതിസന്ധിയും കുവൈത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാക്കുമെന്ന ആശങ്ക പടർത്തിയിരുന്നു. എന്നാൽ, ഇത്തരമൊരു ആശങ്ക ആവശ്യമില്ലെന്നു കഴിഞ്ഞദിവസം ഭക്ഷ്യവകുപ്പും വ്യക്തമാക്കി.