കുവൈറ്റിൽ കനത്ത പൊടിക്കാറ്റ് : വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചു
പൊടിക്കാറ്റിനെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഇന്ന് തിങ്കളാഴ്ച കുവൈറ്റിനെ മൂടിയ പൊടിക്കാറ്റ്, രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകളെ ബാധിച്ചതായി സിവിൽ ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു.
കുവൈറ്റിനു മുകളിൽ പൊടിപടലങ്ങൾ പരക്കുന്നതിനാൽ രാജ്യത്തുടനീളം ദൃശ്യപരത ഏതാണ്ട് പൂജ്യമായി കുറഞ്ഞു. നിലവിലെ കാലാവസ്ഥ കാരണം വാണിജ്യ വിമാനങ്ങൾ പുനഃക്രമീകരിക്കുമെന്നും പൊടിക്കാറ്റ് ശമിച്ചാൽ മാത്രമേ വിമാന ഗതാഗതം സാധാരണഗതിയിൽ പുനരാരംഭിക്കുകയുള്ളൂവെന്ന് കുവൈറ്റ് സിവിൽ ഏവിയേഷന്റെ എയർ നാവിഗേഷൻ സർവീസസ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇമാദ് അൽ ജുലുവി പറഞ്ഞു.
മെയ് 16 നും പൊടിക്കാറ്റ് കാരണം പ്രധാന വിമാനത്താവളത്തിലെ വിമാന ഗതാഗതം ഒന്നര മണിക്കൂർ നിർത്തിവച്ചിരുന്നു. മൂന്ന് തുറമുഖങ്ങളിലെയും കടൽ ഗതാഗതം ചൊവ്വാഴ്ച വരെ നിർത്തിവച്ചു.