ഇടവ : ഗായകൻ ഇടവ ബഷീർ (78) അന്തരിച്ചു. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാതിരപ്പള്ളിയിലെ ആഘോഷവേദിയിൽനിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് ബഷീറിനെ എത്തിച്ചെങ്കിലും അൽപസമയത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു. ആഘോഷപരിപാടികൾ നിർത്തിവച്ചു.
വർക്കല ഇടവയിലാണ് ബഷീർ ജനിച്ചത്.എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറ്റിയതിനാൽ പത്തുവരെ പട്ടത്താനം ക്രിസ്തുരാജ് സ്കൂളിൽ പഠിച്ചു. തുടർന്ന് സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ ചേർന്നു.
1972ൽ ഗാനഭൂഷണം പാസായി. അക്കാദമിയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ ഗാനമേളകളിൽപാടാൻ പോകുമായിരുന്നു. കേരളത്തിലുടനീളവും ഇന്ത്യയ്ക്കകത്ത് പല സംസ്ഥാനങ്ങളിലും അമേരിക്ക, കാനഡ, സൗദി, യുഎഇ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഗാനമേളകള്‍ അവതരിപ്പിച്ചു.
1978ൽ ‘രഘുവംശം’ എന്ന സിനിമയിൽ എ.ടി.ഉമ്മറിന്റെ സംഗീത സംവിധാനത്തിൽ എസ്.ജാനകിയോടൊത്ത് ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തേക്ക് കാലുകുത്തിയത്. കെ.ജെ. ജോയിയുടെ സംഗീതത്തിൽ വാണിജയറാമിനൊപ്പം ‘മുക്കുവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമയിൽ പാടിയ ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ’ എന്ന ഗാനം സൂപ്പർ ഹിറ്റായി. പിതാവ് അബ്ദുൽ അസീസ് സിംഗപ്പൂരിലായിരുന്നതിനാൽ അവിടെ നിന്ന് അത്യാധുനിക സംഗീതോപകരണം കൊണ്ടുവന്നായിരുന്നു ഗാനമേളയിൽ പുതുമ ഒരുക്കിയത്.