കുവൈത്തിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിന് സർവ്വീസ് ചാർജ്ജ് ആയി 200 ഫിൽസ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നു കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി മുന്നറിയിപ്പ് നൽകി. ഇത് ഒരിക്കലും അനുവദിക്കില്ലെന്നും നിയമ ലംഘനമായി കണക്കാക്കുമെന്നും ‘ഊല’ പെട്രോൾ പമ്പ് കമ്പനിക്ക് മുന്നറിയിപ്പ് നൽകിയതായി കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.
തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പമ്പുകളിലെ തിരക്ക് വർദ്ധിക്കുന്നത് സംബന്ധിച്ച് ഇരുവിഭാഗവും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. വരും കാലയളവിൽ തൊഴിലാളികളെ കൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കെ. എൻ. പി. സി. അധികൃതർ അൽ ഊല കമ്പനി പ്രതിനിധികളെ അറിയിച്ചു. അത് വരെ തിരക്ക് കുറക്കുന്നതിനു സെൽഫ് സർവ്വീസ് സംവിധാനവും സമഗ്ര സേവന സംവിധാനവും സംയോജിപ്പിച്ച് മുന്നോട്ട് പോകണമെന്ന് കെ. എൻ. പി. സി. ആവശ്യപ്പെട്ടു.എന്നാൽ സമഗ്ര സേവനങ്ങൾക്ക് സർവ്വീസ് ചാർജ്ജ് ആയി 200 ഫിൽസ് ഈടാക്കാനുള്ള ആവശ്യം കെ. എൻ. പി. സി. നിരാകരിച്ചു. കൂടാതെ വരും ദിവസങ്ങളിൽ നാഷണൽ പെട്രോളിയം കമ്പനി പെട്രോൾ പമ്പുകളിൽ നിരീക്ഷണം ഏർപ്പെടുത്തുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.തൊഴിലാളി ക്ഷാമം പരിഹരിക്കപ്പെടുന്നത് വരെ നിലവിലെ അവസ്ഥ തുടരുവാൻ കെ. എൻ. പി. സി. പമ്പുകളോട് ആവശ്യപ്പെട്ടു.