കുവൈത്തിൽ ഉച്ചസമയത്തെ പുറംജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി. ആഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കേർപ്പെടുത്തിയത്. ഈ കാലയളവിൽ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലിചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല.
രാജ്യത്ത് ചൂട് കനക്കുന്ന മൂന്നു മാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കാനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാൻപവർ അതോറിറ്റി മുന്നറിയിപ്പ് നൽകി. നിയമപാലനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളായി തിരിച്ചു നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.